മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില പുതിയ റിക്കാർഡ് നിലവാരത്തിൽ. ഇന്നലെ കാര്യമായ മാറ്റമില്ലാതെ 972.45ൽ വ്യാപാരം പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ഓഹരി വില 976.80 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തുകയും 9 ലക്ഷം കോടി രൂപയിലധികം വിപണിമൂല്യമുള്ള ആദ്യ പൊതുമേഖലാ ബാങ്കായി എസ്ബിഐ മാറുകയും ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എസ്ബിഐ ഓഹരികൾ നിക്ഷേപകർക്ക് 286 ശതമാനം മൾട്ടിബാഗർ നേട്ടമാണ് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 21 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ആറു മാസത്തിനിടെ 23 ശതമാനവും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 17.5 ശതമാനം നേട്ടവും കഴിഞ്ഞ ഒരു മാസത്തിനിടെ ഒന്പത് ശതമാനത്തിലധികം നേട്ടവുമാണ ഓഹരി നൽകിയത്.
വളർച്ചയ്ക്കുള്ള കാരണങ്ങൾ
മികച്ച രണ്ടാംപാദ ഫലങ്ങളാണ് ഓഹരി വിലയിലെ കുതിപ്പിന് പ്രധാന കാരണം. 2025-26 സാന്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ എസ്ബിഐ 21,504.49 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. അത് കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 20,219.62 കോടിയേക്കാൾ 6.4 ശതമാനം അധികമാണ്.
കഴിഞ്ഞ വർഷത്തെ 18,331.44 കോടി രൂപയിൽനിന്ന് അറ്റാദായം 10 ശതമാനം വർധിച്ച് 20,159.67 കോടി രൂപയിലെത്തി. ഇതിലും പ്രധാനമായി, ബാങ്കിന്റെ ആസ്തി ഗുണനിലവാരം വലിയ തോതിൽ മെച്ചപ്പെട്ടു. മൊത്തം നിഷ്ക്രിയ ആസ്തി 1.73 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.42 ശതമാനമായും കുറഞ്ഞത് ബാങ്കിന്റെ സാന്പത്തിക സ്ഥിതിയുടെ ഭദ്രത ഉറപ്പിക്കുന്നു.
ബാങ്കിന്റെ മികച്ച വായ്പാ വളർച്ചാ സാധ്യതയും സ്ഥിരതയുള്ള ആസ്തി ഗുണനിലവാരവും കാരണം ബ്രോക്കറേജുകൾ പോസിറ്റീവ് റേറ്റിംഗാണ് ഓഹരിക്ക് നൽകുന്നത്.